Thursday, June 20, 2019

മഴക്കാലമായോ!

മഴപേടിച്ച് മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കാ! (20/06/2019)

ജൂൺ 20 ആയി രാവിലെയും വൈകുന്നേരവും ചെറിയ മഴ പകൽ സമയത്ത് നല്ല വെയിൽ - കിണറുകളിൽ വെള്ളം ആവുന്നേയുള്ളൂ!മിക്കവാറും ദിവസം പട്ടാമ്പി പാലത്തിലൂടെ= യാണ് യാത്ര .ഇപ്പോഴും അവിടെ വെള്ളത്തിന്റെ ഒഴുക്ക് ഒന്നും കാര്യമായി ഇല്ല, വെള്ളം ചുമ്മ കെട്ടികിടക്കുന്നു .

രാവിലെ കുന്നംകുളത്ത് നല്ല മഴയായിരുന്നു റെയിൻകോട്ടൊക്കെ ധരിച്ച് ഇറങ്ങി കൂറ്റനാട് എത്തിയ പ്പോഴോ നല്ല വെയിൽ - ഞാൻ മാത്രം ബൈക്കിൽ കോട്ട്‌ ധരിച്ച് - കുറച്ച് ദൂരം മുന്നോട്ട് പോയി പിന്നീട് കോട്ടൊക്കെ ഊരി കവറിലാക്കി യാത്ര തുടർന്നു .

ഒറ്റപ്പാലം NSS സ്കൂളിലായിരുന്നു ഇന്ന് ലിറ്റിൽ കൈറ്റ് ക്യാമ്പ്.നല്ല വെയിൽ ,സ്മാർട്ട് റൂമിൽ ഫാനുകളുൾ നന്നായി പണിയെടുത്തിട്ടും ചൂടിന് കുറവില്ല!

വൈകുന്നേരം വരുബോൾ കോട്ടിന്റെകവർ സുരക്ഷിതമായി ബൈക്കിൽ തൂക്കിയിട്ട് മടക്ക യാത്ര.റോഡരികിൽ കുറച്ച് അന്യസംസ്ഥാനക്കാർ വർണ്ണക്കുടകളായി എത്തിയിട്ടുണ്ട് ,ചിലർ കുടകൾ വാങ്ങുന്നുണ്ട്   മഴയില്ലങ്കിലെന്താ വെയിലത്ത് ചൂടി നടക്കാലോ! വിലയും കാര്യമായി ഇല്ല ! അവർക്കും ജീവിക്കണ്ടേ! പണിയില്ല എന്നും പറഞ്ഞ് ചായക്കടയിലും വെയ്റ്റിങ്ങ് ഷെഡിലും പോയിരുന്ന് കഥാപ്രസംഗം നടത്തിയാൽ വീട്ടിലെ അടുപ്പ് പുകയില്ല!

ഡാമുകളിൽ പലതിലും ജലനിരപ്പ് കുറഞ്ഞിരിക്കുന്നു .ഇനി എന്നാവോ മഴ ശക്തി പ്രാപിക്കുന്നത്- കഴിഞ്ഞ വർഷത്തെ മഴ നമുക്ക് നൽകിയ അനുഭവങ്ങൾ മനസ്സിൽ ഓർമ്മ വരുന്നു. പല നിറങ്ങളിലുള്ള സുരക്ഷാ മുന്നറിയിപ്പുകൾ കേട്ടപ്പോൾ -മഴപേടിച്ച് മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കാ!



Monday, June 17, 2019

Galexy Note2 N700.

മൂന്നാംദിനം ഉയർത്തു എഴുന്നേൽക്കുമോ? 09/06/2019


അങ്ങിനെ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി !കഴിഞ്ഞ നാലു വർഷം ജീവിതത്തിന്റെ ഒരു ഭാഗമായി എന്റെകൂടെ ഉണ്ടായിരുന്നു , ഫോട്ടോപിടുത്തവും, അക്കാദമിക പ്രവർത്തനങ്ങളിലും, സോഷ്യൽ മീഡിയകളിലും ബ്ലോഗിലും ഇത്രയധികം സജീവമായത് ഇവൻ കൂടെ വന്നിട്ട് തന്നെയാണ് .

പ്രായാധിക്യം മൂലം കുറച്ചു ദിവസമായി കുന്നംകുളം ഫോൺഗാലറിയിലെ സർവീസ് സെന്ററിലെ വെന്റിലേറ്ററിൽ ആയിരുന്നു. ദിവസവും പോയി കണ്ടിരുന്നു ,ഇന്നലെ വൈകുന്നേരം പോയപ്പോൾ ചീഫ് ഉമ്മർസാർ കൂടുതൽ ഒന്നും പറയാതെ അവനെ ഒരു കവറിൽ ഇട്ടു തിരിച്ചുതന്നു, ബ്രെയിൻ ഡെത്ത് സംഭവിച്ചിരിക്കുന്നു, ബ്രെയിൻ വേറെ കിട്ടിയാൽ ഒരു കൈ നോക്കാമായിരുന്നു, ഏതെങ്കിലും ഭാഗങ്ങൾ ദാനം ചെയ്യുന്നുണ്ടേൽ വിളിച്ചാൽ മതി എന്നും ഉമ്മർ സാർ പറഞ്ഞു .

എല്ലാ പ്രതീക്ഷകളും അസ്തമിച്ചു പൊട്ടിയ ഹൃദയത്തോടെ അവനെ വാങ്ങി ജീൻസിന്റെ പോക്കറ്റിൽ കൂത്തി കയറ്റി തിരിച്ചു നടന്നു. വിതുബുന്ന മനസോടെ വീട്ടിൽ വന്നപ്പോൾ ഇവന്റെ അവസ്ഥ കണ്ടു മനസ്സിൽ മന്ദസ്‌മിതം തൂകി നിന്ന സഹധർമ്മിണിയും, മറക്കാനാവാത്ത ഒരുദിനം കൂടെ ജീവിതത്തിൽ നൽകി കൊണ്ട് അവനെ വീട്ടിലെ അലമാരയിൽ അടക്കം ചെയ്തു.

RIP My loving Samsung Galexy Note2 N700.

മൂന്നാംദിനം ഉയർത്തു എഴുന്നേൽക്കുമോ?



സ്വപ്നങ്ങളെ നെഞ്ചോട് ചേർക്കുമ്പോൾ 14/06/2017


അധ്യാപന ജീവിതം തുടങ്ങി 12 വർഷം കഴിഞ്ഞിരിക്കുന്നു . ഒരിക്കലും ആഗ്രഹിക്കാതിരുന്ന മേഖലയിലേക്ക് പ്രതീക്ഷിക്കാതെ ചെന്നെത്തിയതായിരുന്നു ഞാൻ. ഒരുപാട് നല്ല അനുഭവ - പാഠങ്ങളിലൂടെ ജീവിതത്തെ മുന്നോട്ട് നീക്കി ! നല്ല ഉപദേശങ്ങൾ തന്നും പ്രതിസന്ധി ഘട്ടങ്ങളിൾ കൂടെയൊരു താങ്ങായ് നിന്നും എന്റെ വളർച്ചക്ക് പ്രോത്സാഹനം തന്നവരുമായ കുട്ടികളുമായും അധ്യാപകരുമായും നല്ല സൗഹൃദങ്ങൾ ഇന്നും നിലനിർത്തുന്നു. 12 വർഷത്തിനിടയിൽ 3 വിദ്യാലയങ്ങളിൽ ഭൗതിക ശാസ്ത്ര അധ്യാപകനായി പ്രവർത്തിച്ചു. അധ്യാപക പരിശീലകൻ എന്ന നിലയിൽ ചുരുങ്ങിയ വർഷത്തിനിടയിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലെയും അധ്യാപകരുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാനും സാധിച്ചു.

ഇന്ന് കൈറ്റിൽ ജോലി ചെയ്യുമ്പോൾ അതൊരു സ്വപ്ന സാക്ഷാത്ക്കാരം തന്നെയാണ് . കിട്ടിയ ജോലിയേക്കാൾ ആഗ്രഹിച്ച ജോലി ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം നിങ്ങളെ പോലെ എനിക്കും ഉണ്ട്.

സ്വപ്നങ്ങളുടെ പുറകെ നടന്നിരുന്ന ഞാനിന്ന് അവയെ നെഞ്ചോട്ചേർത്ത് കൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു.


(16/06/2019)

നന്ദിയോടെ ഹോമിയോപതിക്കൊരു സ്നേഹക്കുറിപ്പ്


അസുഖങ്ങൾ വരുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്നാൽ അസുഖം പെട്ടെന്ന് മാറാൻ ആഗ്രഹിച്ച് നമ്മൾ ഓടി നടക്കും ,കുറെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് പെട്ടെന്ന് അസുഖത്തെ മാറ്റുകയും ചെയ്യും -മക്കൾക്കും തുടർച്ചയായി പനി ,ജലദോഷം, ചുമ എല്ലാമാസവും ഡോക്ടർക്കും മരുന്നിനുമായി കുറച്ച് പൈസ മാറ്റിവെക്കണം .അപ്പോഴാണ് ഭാര്യവീടിന്റെ തൊട്ട് ചൊവ്വന്നൂർ പഞ്ചായത്തിൽ ഒരു ഹോമിയോ ഡിസ്പെൻസറി തുടങ്ങിയതും ഒരുഡോക്ടർ ചാർജ് എടുത്തതും അറിഞ്ഞത്. പണ്ട് പഴഞ്ഞിയിൽ മർത്തോമ പള്ളിയിലെ അച്ചന്റെ കൊച്ചമ്മ ഹോമിയോ ഡോക്ടറെ അടുത്ത് പോയ കാലം ചുമ്മ ഓർത്തു.

പഠിക്കുന്ന കാലത്ത് ഹോമിയോപതി ചികൽസാ രീതിയും മരുന്നുകളും 1796Samuel Hahnemann രൂപപ്പെടുത്തി എടുത്തു എന്ന് പഠിച്ചിരുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ആണെന്നും മനസിലക്കിയിരുന്നു. കുട്ടികളായിരുന്ന എനിക്കും ഹോമിയോ മരുന്നുകൾ കഴിക്കാൻ ഇഷ്ടമായിരുന്നു - ചെറിയ ബോളുപോലുള്ള പഞ്ചാര മിഠായി .എന്നാലും രോഗം വന്നാൽ അലോപ്പതിയിലേക്ക് ഓടിപ്പോയി ആൻറിബയോട്ടിക്ക് അടിച്ച് രോഗത്തെ തൽക്കാലം തോൽപ്പിക്കും. സ്വന്തം മക്കളുടെ കാര്യമായപ്പോ ഒന്നു മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.

ആ ഇടക്ക് എന്റെ മോൾക്ക് ഒരു പനിയും -ഗവൺമെൻറ് ഡോക്ടറല്ലെ ഒന്നു പോയി കണ്ടെക്കാം എന്നു കരുതി മക്കളെയും കൂട്ടി പഞ്ചായത്തിൽ പോയി, വലിയ തിരക്കൊന്നും ഇല്ല! ഡോക്ടർക്കാണെങ്കിലോ വലിയ ലുക്ക് ഒന്നും ഇല്ല - സംസാരമോ സാധാരണ രീതിയിൽ ,നമുക്ക് എന്തും വിവരങ്ങളും ചോദിച്ചറിയാം, നമുക്ക് മനസിലാവുന്ന ഭാഷയിൽ വിശദമായി പറഞ്ഞു തരും. നല്ല പെരുമാറ്റ രീതി. 102 ന് മുകളിലുള്ള പനിക്ക് തന്നത് ഒരു പൊടി മാത്രം -ഇടക്ക് വെള്ളത്തിൽ കലക്കി 2 സ്പൂൺ വീതം ഓരോ മണിക്കൂർ വിട്ട് കൊടുക്കാൻ. ഡോക്ടറുടെ നമ്പർ വാങ്ങി പോന്നു -സർക്കാർ സംവിധാനം ആയതിനാൽ മരുന്നും ഡോക്ടർ ഫീസും സൗജന്യം. ഇംഗ്ലീഷ് മരുന്ന് സ്റ്റോക്ക് ഇല്ലേ എന്നു ഭാര്യയോട് ചോദിച്ചു, സാധാരണ പനി വന്നാൽ ഡോക്ടർ 3, 4 മരുന്ന് എഴുതുന്ന സ്ഥലത്താണ് ഈ ഹോമിയോ ഡോക്ടറുടെ ഒരു പൊടി!-അൽഭുതംവൈകുന്നേരം ആവുബോഴേക്കും മോളുടെ പനി മാറി. അങ്ങനെ ഇടക്ക് അസുഖം വരുബോൾ ഡോക്ടറെ പോയി കാണും. എനിക്ക് പണി കിട്ടിയപ്പോൾ ഡോക്ടറുടെ അടുത്താണ് തുടർ ചികൽസയും -എന്നെ കാണാതെ എന്റെ റിപ്പോർട്ടുകൾ വാട്സ് ആപ്പ് ചെയ്ത് കൊടുത്തപ്പോൾ മരുന്ന് നിർദ്ദേശിച്ചതും ഡോക്ടർ .

എന്നെ ആകർഷിച്ചത് അതൊന്നുമല്ല ഒരു ദിവസം മോൾക്ക് പനിയായി ഡോക്ടറെ പോയി കണ്ടു , സ്ഥിരം മരുന്നു തന്നെയാണ് നിർദ്ദേശിച്ചത് - വൈകീട്ട് കുറവില്ലെങ്കിൽ വിളിക്കാനും പറഞ്ഞു. പനി കുറഞ്ഞപ്പോൾ ഭാര്യ ഡോക്ടറെ വിളിച്ച് പറയാൻ ശ്രമിച്ചപ്പോൾ കോൾ കിട്ടിയില്ല! വൈകുന്നേരമായപ്പോൾ ദേ ഡോക്ടർ മോളുടെ രോഗവിവരങ്ങൾ തിരക്കി വിളിക്കുന്നു .ഇങ്ങനെ ഉണ്ടോ ഡോക്ടർമാർ..... 200 ഉം 300ഉം ഫീസും 500- 1000രൂപയുടെ മരുന്നും എഴുതുന്ന ഡോക്ടർമാരെ മാത്രമേ കണ്ടിട്ടുള്ളൂ ! വിജയുടെ മെർസൽ സിനിമയിൽ 5 രൂപ ഡോക്ടറെ കണ്ടിട്ടുണ്ട് പക്ഷേ ഇത് അതുക്കും മേലെ. ഞാൻ ഈ അനുഭവങ്ങൾ എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു അവരൊക്കെ ഇപ്പോ ഡോക്ടറുടെ ഫാൻ ആണ് ! എല്ലാവർക്കും ഡോക്ടറുടെ ചികൽസയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും നല്ല അഭിപ്രായം.

പലപ്പോഴും ഡോക്ടർമാർ എന്നുപറയുബോൾ വില കൂടിയ കാറിൽ ചുളിയാത്ത വസ്ത്രങ്ങളും ധരിച്ച് ഡോക്ടർ എന്ന ഭാവവുമായി വരുന്നവരെ കണ്ടിട്ടുണ്ട് -പക്ഷേ ഇത് ഒരു പഴയ സ്‌കൂട്ടറിൽ ഒരു സാധാ ചുരിദാർ ധരിച്ച് വരുന്ന ഒരു സാധാരണക്കാരുടെ ഡോക്ടർ - ഹോമിയോപതിയോട് ഒരു സ്നേഹം തോന്നിയത് ഡോക്ടറുടെ കൈപ്പുണ്യം കൊണ്ടു തന്നെ!

ഡോക്ടറുടെ പേര് പറയുന്നില്ല! നിങ്ങൾ അന്വേഷിച്ചോളൂ!