ഒറ്റക്കുള്ള ബൈക്ക് യാത്രകൾ ഇഷ്ടപ്പെടുന്ന ഞാൻ കഴിഞ്ഞ ദിവസം അതിരപ്പിള്ളി - മലക്കപ്പാറ വഴിയിലെ വനത്തിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്
ഒരു മഴയാത്ര നടത്തി.
മിക്കയാത്രകളും യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് നടത്താറ്, ഇതും അതുപോലെ തന്നെ, ആരോടും പറയാതെ ബൈക്ക് എടുത്ത് ഒന്ന് മുങ്ങി. മുൻപ് പോയ സ്ഥലം തന്നെ എന്നാലും ഒരു മോഹം - ഒരു മഴയാത്ര നടത്താൻ .
മുൻ അനുഭവങ്ങൾ ഉള്ളതിനാൽ ചില മുൻ കരുതൽ എടുത്തു, അതിരപ്പിള്ളി കഴിഞ്ഞാൽ ഈ വഴിയിൽ പിന്നെ പെട്രോൾ അടിക്കാൻ വേറെ സ്ഥലങ്ങൾ ഇല്ല. പെട്രോൾ ആവശ്യത്തിന് നിറക്കണം.
റോഡ് നല്ലതാണെങ്കിലും അധികം സ്പീഡിൽ പോവാൻ സാധിക്കില്ല! വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പ് വരുത്തണം/ വാഹനത്തിന്റെ പേപ്പറുകൾ കരുതണം . നമ്മുടെ ഏതെങ്കിലും ID കാർഡ് , ഡ്രൈവിങ്ങ് ലൈസൻസ് റെയിൻകോട്ട് ,ഒരു കുട, വെള്ളം ബോട്ടിൽ , ക്യാമറ, ചാർജർ, പവർ ബാങ്ക്, ഫോൺ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് കവർ etc എന്നിവയും കരുതാം.
വീട്ടിൽ നിന്ന് [ കുന്നംകുളം]രാവിലെ 10:15ന് ഇറങ്ങി. 11:45 ന് വാഴച്ചാൽ എത്തി. അവിടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പെർമിഷൻ വേണം. അതിന് അവിടെ ഒരു ഡിക്ലറേഷൻ എഴുതി കൊടുക്കണം. എഴുതാനുള്ള പേപ്പറും ,പേനയും, ഫോർമാറ്റും അവിടെ ഉണ്ട്. എഴുതിനൽകിയാൽ ചെക്ക് പോസ്റ്റിൽ കാണിക്കാനുള്ള ഒരു പെർമിറ്റ് അവർ തരും തിരക്കില്ലാത്തതിനാൽ എല്ലാം കൂടെ 5 മിനിറ്റ് സമയം കൊണ്ട് ശരിയായി. യാതൊരുതര ഫീസും ഇല്ല!
മലക്കപ്പാറ വരെ പോയി തിരിച്ചു വരാനുള്ള പെർമിഷൻ ആണ് വാങ്ങിയത് ,chek in സമയം അവർ പെർമിറ്റ് വെരിഫിക്കേഷൻ ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു. 2 മണിക്കൂർ ആണ് മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എത്താനുള്ള സമയമായി രേഖപ്പെടുത്തിയിരുന്നത് (11:45 to 1:45) വാഴച്ചാലിൽ നിന്ന് 60 km ആണ് മലക്കപ്പാറ. റോഡിലൂടെ സഞ്ചരിക്കാനല്ലാതെ കാടിനുള്ളിൽ പ്രവേശിക്കാൻ യാതൊരു അനുവാദവും ഇല്ല.
ഫോറസ്റ്റ് ഉദ്യേസ്ഥൻ കുറച്ച് നിർദ്ദേശങ്ങൾ പറഞ്ഞു തന്നു .
ഞാൻ വളരെ സാവധാനം ബൈക്ക് ഓടിച്ച് ഫോട്ടോയൊക്കെ എടുത്ത് യാത്ര ചെയ്തു. പലരും ആ വഴി വാൽപ്പാറ പോയി പൊള്ളാച്ചി- പലക്കാട് റൂട്ടിലൂടെ പോകുന്നു. കുന്നംകുളത്തു നിന്ന് മലക്കപ്പാറയിലേക്ക് 146 km ദൂരം ഉണ്ട്.
വന്യമൃഗങ്ങൾ ഉള്ള വനത്തിലൂടെ ഒറ്റക്ക് ബൈക്കിൽ സുന്ദരദൃശ്യങ്ങൾ ആസ്വദിച്ച് - അതൊരു ത്രിൽ ആണ്. കാറിൽ പോയാൽ ആ സുഖം കിട്ടില്ല!
വളരെ നല്ല റോഡ് ആണ് മലക്കപ്പാറയിലേക്ക് ഉള്ളത് ,മലക്കപ്പാറ എത്താറാവുമ്പോൾ 10 km കുറച്ച് മോശം - എന്നാലും സുഗമമായി യാത്ര ചെയ്യാം. ആളുകൾ കാറിലും, ജീപ്പിലും, ബൈക്കിലും യാത്ര: ചെയ്യുന്നു. KSRTC ബസ് സർവീസ് നടത്തുന്നുണ്ട് ,ഒരു പ്രൈവറ്റ് ബസും യാത്രക്കിടയിൽ ഇവ രണ്ടും കണ്ടു. മലക്കപ്പാറയിൽ താമസിക്കുന്നവർ ഈ പൊതുയാത്രാ സൗകര്യമാണ് പ്രധാനമായും ആശ്രയിക്കുന്നത്. റോഡിന് അത്യാവശ്യം വീതിയുണ്ട് അപകടകരമായ പ്രദേശങ്ങളിൽ കൈവരികളുമുണ്ട്.
പ്രളയത്തിലും ,ഉരുൾപ്പൊട്ടലിലും തകർന്ന റോഡുകളും, ചരിവു തലങ്ങളും നല്ല രീതിയിൽ കെട്ടി ഉറപ്പിക്കുന്ന പണി നടക്കുന്നുണ്ട് .ചില സ്ഥലങ്ങളിൽ ടാറിങ്ങ് നഷ്ടപ്പെട്ടിട്ടുണ്ട് വശങ്ങളിൽ ചെങ്കുത്തായ ചെരുവുകൾ ,ഹെയർ പിന്നുകൾ എന്നിവയിലൂടെ സൂക്ഷിച്ച് വാഹനം ഓടിക്കണം.
യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ
രണ്ടു സുന്ദരമാരായ മലയണ്ണാൻമാർ റോഡിനോട് ചേർന്ന മരത്തിൽ ചാടി നടക്കുന്നു ,ഫോട്ടോ വ്യക്തമായി എടുക്കാൻ സാധിച്ചില്ല!
ചില സ്ഥലങ്ങളിൽ എത്തുമ്പോൾ ആനയുടെ മണം - ആനകൾ സ്ഥിരം സഞ്ചരിക്കുന്ന പ്രദേശമാണിത്. ആനകളെയൊന്നും കണ്ടില്ല. സഞ്ചാരികളുടെ സൗകര്യത്തിനായി മിക്ക സ്ഥലങ്ങളിലും സൂചനാ ബോർഡുകൾ - ഉണ്ട്.
വാഴച്ചാലിൽ നിന്ന് ഏകദേശം 30 km ആവുമ്പോൾ ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ വാൽവ് ഹൗസ് . അവിടെ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന പെൻസറ്റോക്ക് പെപ്പുകളും കാണാം.
ഒരു സ്ഥലത്ത് എത്തിയപ്പോൾ എന്തോ പഴത്തിന്റെ പ്രത്യേക മണം, മുകളിൽ നോക്കിയപ്പോൾ, കുറെ സിംഹവാലൻ കുരങ്ങുകൾ ഇരുന്ന് എന്തോ പഴം തിന്നുന്നു .
വാച്ചുമരം ആദിവാസി കോളനി യിലേക്ക് പോകുന്ന വഴികാണാം നമുക്ക് അവിടേക്ക് പ്രവേശനം ഇല്ല !
ഇടക്ക് വഴിയിൽ ഓരോ വാഹനങ്ങൾ വരുന്നതു കാണാം അതല്ലാത്ത സമയം കിലോമീറ്ററുകൾ ഞാൻ ഒറ്റക്ക്. വളരെ പതുക്കെ ബൈക്ക് ഓടിച്ചു. പെട്ടെന്ന് ശക്തമായ മഴ മുന്നോട്ടുള്ള വഴി കോടമഞ്ഞു കാരണം കാണുന്നില്ല ,ഇടക്ക് പാതയുടെ വശത്ത് ബൈക്ക് നിർത്തി കുറച്ച് സമയത്തിന് ശേഷം യാത്ര തുടർന്നു. വലിയ തടാകങ്ങൾ കണ്ടു ,സുന്ദരമായ പ്രകൃതി രമണീയമായ പ്രദേശം എന്നാൽ അവിടെ ചീങ്കണ്ണികൾ ഉള്ള പ്രദേശമായതിനാൽ വാഹനം നിർത്തി ഇറങ്ങാനുള്ള അനുവാദം ഇല്ല !
യാത്രയിൽ മനുകളെ ഒന്നും കണ്ടില്ല ,വഴിയിൽ കണ്ട തേയില തോട്ടത്തിലെ ജോലിക്കാരനോട് കുറച്ച് നേരം കുശലം പറഞ്ഞു . വൈകുന്നേരങ്ങളിൽ പുലിയും, ആനയും ഒക്കെ മലക്കപ്പാറയിൽ ഇറങ്ങാറുണ്ടെന്ന് ആ ചേട്ടൻ പറഞ്ഞു . ചില പത്രവാർത്തകളും ഞാൻ ആ സമയം ഓർത്തെടുത്തു.
ശക്തമായ മഴയോടെയാണ് മലക്കപ്പാറ എന്നെ സ്വീകരിച്ചത്.
അവിടെയെത്തുമ്പോൾ 2:10 ആയി . ചെക്ക് പോസ്റ്റിൽ പേപ്പർ കാണിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അതിൽ ഒരു നമ്പർ ഇട്ട് വാങ്ങി വെച്ചു. തിരിച്ചു പോകുമ്പോൾ അതേ പേപ്പർ കൊണ്ടുപോയി വാഴച്ചാൽ ചെക്ക് പോസ്റ്റിൽ കാണിക്കണം എന്നും പറഞ്ഞു.
-കുറച്ച് സമയം വെയ്റ്റിങ്ങ് ഷെഡിൽ ഇരുന്നു വിശ്രമിച്ചു. ഇടക്ക് മഴ നിന്നു വെയിലുധിച്ചു വേഗം തന്നെ ബൈക്ക് എടുത്ത് കറങ്ങി ഫോണിൽ മലനിരകളുടേയും, തേയില തോട്ടങ്ങളുടേയും ചിത്രങ്ങൾ പകർത്തി. വാൽപ്പാറയിലേക്ക് പോകാനുള്ള തമിഴ്നാട് ചെക്ക് പോസ്റ്റ് വരെ പോയി തിരിച്ചു പോന്നു - അടുത്ത തവണ വാൽപ്പാറ പോണം .
ഭക്ഷണം കഴിക്കാൻ അത്യാവശ്യം നല്ല ഹോട്ടലുകൾ ഉണ്ട്. നല്ല ചോറും കറികളും ഉണ്ട് -veg/Non Veg ഭക്ഷണം കിട്ടും. ഞാൻ ചോറ് കഴിച്ചു. താമസിക്കാൻ മുറികളും കോട്ടേജുകളും ഹോംസ്റ്റേ എന്നിവ ഉണ്ട്. കുറെ ആളുകൾ അവിടെ വന്ന് താമസിക്കുന്നുണ്ട് . ഇന്ന് തിരക്ക് കുറവായിരുന്നു. കാട്ടിലെ ഉൽപന്നങ്ങൾ വിൽക്കുന്ന ചെറിയ കടകളുണ്ട്. മലക്കപ്പാറയിൽ അധികം നേരം ചിലവഴിച്ചില്ല ,മുൻപ് വന്നപ്പോൾ ഡാം കാണാൻ പോയിരുന്നു. ത്രിശൂർ ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം അവിടെ സ്ഥിതി ചെയ്യുന്നുണ്ട് . ടാറ്റ കോഫി ലിമിറ്റഡിന്റെ ടീ എസ്റ്റേറ്റുകളാണ് അവിടെയുള്ളത് . ഒരു വലിയ ടീ ഫാക്ടറിയും അവിടെ ഉണ്ട്. അമ്പലങ്ങൾ, ചെറിയ ഒരുCSI പള്ളി എന്നിവയും കാണാം.
കോരിചിതറുന്ന മഴയത്ത് കാട്ടു പാതകൾ വീണ്ടും പൂർണമായും കോടമഞ്ഞ് മൂടി .പ്രകൃതി സൗന്ദര്യവും കാടിന്റെ ഗന്ധവും, ഭീകരതയും ആസ്വദിച്ച് മലക്കപ്പാറയോട് യാത്ര പറഞ്ഞു മടക്കയാത്ര.