Wednesday, February 12, 2020

മേരി മാതയിലെ കൂട്ടുകാർ

ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ നൽകി കൊണ്ട് ഒരു ദിനം കൂടി !
ഇന്നലെആഗസ്റ്റ് 1
ദൈവമാതാവിന്റെ നോമ്പ് തുടങ്ങുന്ന ദിവസം - 
കൂടാതെ  എന്റെ ഭവതിയുടെ പിറന്നാളും.രാവിലത്തെ തിരക്കിനിടയിൽ അവൾക്ക് ഒരു ആശംസയും നൽകി പാലക്കാട് ഓഫീസിലേക്ക് ഓടി. വൈകീട്ട് തിരിച്ചു കുന്നംകുളം എത്തി ഭാര്യയെ സന്തോഷിപ്പിക്കാൻ ഒരു കേക്ക് വാങ്ങിക്കാം എന്നും കരുതി ബേക്കറിയുടെ മുൻപിൽ ബൈക്ക് നിർത്തി. ഫോണിൽ മെസേജുകൾ നോക്കിയപ്പോ ,ഷിജിച്ചേട്ടൻ ഒന്ന് കാണണം എന്നും നമ്പർ തരുമോ എന്നും പറഞ്ഞ് മെസഞ്ചറിൽ ഒരു മെസേജ് അയച്ചിരിക്കുന്നു. നേരെ മൂപ്പരുടെ കടയിലേക്ക് പോയി അധികം മുഖവരയില്ലാതെ ചേട്ടൻ കാര്യം പറഞ്ഞു. മേരി മാതാ ബോയ്സ് കോട്ടേജിൽ പോയിട്ടുണ്ടോയെന്നും ,ഇപ്പോ ഫ്രീയാണെൽ അവിടെ പോയാലോ എന്നും .
വീട്ടിൽ പോയി ഇപ്പോ വരാമെന്ന് പറഞ്ഞു, ബേക്കറിയിൽ പോയി കേക്ക് വാങ്ങി വീട്ടിൽ പോയി പെട്ടെന്ന് തന്നെ ഭാര്യയുടെ പിറന്നാൾ ആഘോഷിച്ച് .ഷിജി ചേട്ടനായി മേരിമാതാ ബോയ്സ് കോട്ടേജിൽ ചെന്നു . യാത്രക്കിടയിൽ ബോയ്സ് ഹോമിനെ കുറിച്ച് സംസാരിച്ചു. കൂടുതൽ നേരിട്ട് കാണാമെന്നും പറഞ്ഞു. പണ്ട് മൂലേപ്പാട് ഇടവക വികാരിയായിരുന്ന അലക്സ് അച്ചൻ തുടങ്ങി വെച്ച സ്ഥാപനത്തെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും ആദ്യമായാണ് ഞാൻ അവിടെ പോകുന്നത് .

നല്ല കെട്ടിടവും അതിനോട് ചേർന്ന് ഒരുചാപ്പലും, കുരിശുപള്ളിയും ഉണ്ട് .
മത്സ്യക്കുളവും മുയലുകളും, കോഴിയും, പ്രാവുകളും ഉള്ള വൃത്തിയുള്ള സുന്ദരമായ കോട്ടേജ് .
രണ്ട് MCBS അച്ചൻമാരുടെ മേൽനോട്ടത്തിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട 34 കുട്ടികൾ അവിടെ താമസിച്ചു കൊണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വരുന്നു....

 ജീവതത്തിൽ ആ മക്കൾ അനുഭവിച്ച യാതനകളെ മറക്കാൻ ശ്രമിച്ച് പുതിയ സ്വപ്നങ്ങളുമായി അവർ ബോയ്സ് കോട്ടേജിൽ സന്തോഷത്തോടെ പരിഭവങ്ങളും ദുഖങ്ങളുമില്ലാതെ കഴിഞ്ഞു വരുന്നു
ഇവർ അനാഥരല്ല - അച്ചനോ/അമ്മയോ ഇല്ലാത്ത സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങളിലെ മക്കൾക്ക്  18 വയസ് വരെ തുണയായി അവരെ നെഞ്ചോട് ചേർത്ത് ആ രണ്ട് കൊച്ചച്ചൻമാർ! അലക്സ് അച്ചനും മനു അച്ചനും .

നാട്ടുകാരുടെയും , സംഘടനകളുടെയും മറ്റു നല്ല മനസുകൾ കൊണ്ട് അവർ അവിടെ കഴിയുന്നു.

ഒരു കാലഘട്ടത്തിൽ അവിടെ സഹായവുമായി ആളുകളുടെ തിക്കും തിരക്കുമായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ പലരും അവരെ മറന്നു.
പഠനത്തിൽ അവരെ സഹായിക്കാൻ വന്നിരുന്ന അടുത്ത എഞ്ചനീയറിങ്ങ് / ഡെൻറൽ കോളേജിലെ ചേട്ടൻ മാരൊന്നും ഇപ്പോൾ അവിടെ വരുന്നില്ല!

രാത്രി ആമക്കളുമായി തമാശകൾ പറഞ്ഞു , ഒരുമിച്ചിരുന്ന്  കഞ്ഞി കുടിച്ച് കുശലം പറഞ്ഞിരുന്നപ്പോൾ
പിറന്നാൾ ദിനത്തിൽ രാത്രിയെങ്കിലും
ഒരുമിച്ച് ഭക്ഷണം  കഴിക്കാൻ കാത്തിരുന്ന ഭവതിയെ പോലും മറന്നു, 
രാത്രി ഏറെ വൈകി അച്ചൻമാരോടും മക്കളോടും യാത്ര പറഞ്ഞ് പോരുബോൾ മനസിൽ അവരുടെ പുഞ്ചിരിച്ച മുഖം
ഒരു നല്ല ദിവസവും അനുഭവും എനിക്ക് തന്ന ദൈവത്തിനും ,ഷിജി ചേട്ടനും നന്ദി.
അവരെ കൈ പിടിച്ചുയർത്തി സമൂഹത്തിൽ ഒരു നല്ല വ്യക്തിത്വങ്ങളാക്കാൻ
വീണ്ടും പോണം.

നിങ്ങളുംഅവരെ കാണണം! 
നിങ്ങൾ  ആരുമായിക്കോട്ടെ ! ആ കുട്ടികൾ നിറഞ്ഞ മനസോടെ നിങ്ങളെ സ്വീകരിക്കും. 
അവർക്ക്  വേണ്ടത്  സാമ്പത്തിക സഹായത്തേക്കാളുപരി നിങ്ങളുടെയും എന്റെയും സ്നേഹവും സൗഹൃദവുമാണ് .

No comments:

Post a Comment