Tuesday, February 11, 2020

ഉതിർന്നു വീണ പഴങ്ങൾ


ഉതിർന്നു വീണ പഴങ്ങൾ

കുന്നംകുളത്തെ വില കുറവിന്റെ കടകളന്വേഷിച്ചുള്ള ഈ പിശുക്കന്റെ യാത്ര.
ഞാൻ ദിവസവും യാത്ര ചെയ്യുന്ന വഴികളിൽ ഒന്നാണ് കുന്നംകുളത്തെ താഴത്തെ പാറ ഒരു കച്ചവടകേന്ദ്രം കൂടിയാണ് ഇവിടം.
നേന്ത്രക്കായ, വിവിധ തരം വാഴപ്പഴങ്ങൾ എന്നിവയുടെ നിരവധി ഹോൾസെയിൽ കടകളുണ്ട്, തമിഴ്നാട്ടിൽ നിന്നും മറ്റും വലിയ ലോറികളിൽ കയറ്റിയാണ് കായ കൊണ്ടുവരുന്നത്. പഴുപ്പിക്കാനായി മുറികളിൽ പുക കൂടുകൾ ഉണ്ടാക്കി അവിടെ കായക്കുലകൾ തൂക്കിയിട്ട് പുക കയറ്റി വിടും. അടുത്ത ദിവസമാവുമ്പോഴേക്കും മഞ്ഞനിറം വന്നു തുടങ്ങും
ചെറു കച്ചവടക്കാർ ഇവരിൽ നിന്ന് വാങ്ങിയാണ് കച്ചവടം നടത്തുന്നത്.
താരതമ്യേന കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും പച്ചക്കായയും പഴങ്ങളും കിട്ടും.

കഴിഞ്ഞ ദിവസം നേന്ത്രപഴം വാങ്ങാനായി അവിടെയൊന്നു പോയി ഒരു കുല പഴം ഒന്നും ആവശ്യമില്ല ഒരു കിലോ പഴം വാങ്ങാനാണ് പോയത് ,
ചെന്നയുടനെ ഒരാൾ അടുത്ത് വന്ന് എന്താ വേണ്ടതെന്ന് ചോദിച്ചു.
ഒരു കിലോ പഴം എന്ന് പറഞ്ഞപ്പോൾ ഇല്ലയെന്ന് പറഞ്ഞു .അവിടെ പഴം കുലയിൽ നിന്ന് ഇടിഞ്ഞ് തൂക്കി കൊടുക്കില്ലത്രെ!
പോകാൻ തുടങ്ങിയ എന്നോട് താഴേക്ക് ചൂണ്ടിക്കാട്ടി ഇത് മതിയോയെന്ന് ചോദിച്ചു.

പഴുത്തതും അല്ലാത്തതുമായി
വാഴക്കുലയിൽ നിന്നും  കൊഴിഞ്ഞു വീണ പഴങ്ങൾ വലിയ പെട്ടികളിൽ നിറച്ച് വെച്ചിരിക്കുന്നത് കണ്ടു.

നല്ല വലുപ്പമുള്ള നേന്ത്രപ്പഴങ്ങൾ ചിലത് പൊട്ടിയതാണ്, എങ്കിലും വലിയ കേടൊകളൊന്നും ഇല്ല
വളരെ കുറഞ്ഞ വില മതിയെന്ന്  പറഞ്ഞപ്പോൾ 2 kg വാങ്ങാൻ തീരുമാനിച്ചു ,ചേട്ടൻ എന്നോട 50 രൂപക്ക് എടുക്കട്ടെയെന്ന് ചോദിച്ചു മൂപ്പര് 2.5 കിലോ പഴം തൂക്കി കടലാസിൽ പൊതിഞ്ഞു തന്നു.

വീട്ടിൽ വന്നു രാവിലെ ഉണ്ടാക്കി വെച്ച പുട്ടും പഴവും കൂട്ടിക്കൊഴച്ച് ഒരു തട്ട് തട്ടി.

കുലയിൽ നിന്ന് ഇരിഞ്ഞ് വാങ്ങിയില്ലെങ്കിലും ഉതിർന്നു വീണ പഴത്തിനും  മധുരക്കുറവൊന്നും ഇല്ല.

മികവുകളുള്ള എന്നാൽ നിർഭാഗ്യം കൊണ്ട് ജീവിതയാത്രയിൽ വീണുപോകുന്നവർ
നമുക്കിടയിലും ഉണ്ടാവാം, തിരക്കുകൾക്കിടയിൽ നമ്മളവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒന്ന് ശ്രദ്ധിച്ചാൽ /ശ്രമിച്ചാൽ നേട്ടം നമുക്കും അവർക്കുമായിരിക്കും.

No comments:

Post a Comment