Wednesday, February 12, 2020

ഒഴുക്കറയിലേക്ക്

ഇന്നത്തെ യാത്ര - ഒഴുക്കറയിലേക്ക്!
പേര് കേൾക്കുമ്പോ തന്നെ വയനാടാണോ ,ഇടുക്കിയാണോ എന്നൊക്കെ ചിന്തിക്കും പക്ഷേ സംഭവം മ്മടെ കുന്നംകുളത്ത് തന്നെ -വടക്കാഞ്ചേരി റോഡിൽ പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് മണ്ഡപത്തിന് എതിർവശത്തെ ഉദയനഗർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഒഴുക്കറയിലെത്താം.
ഇന്ന് യാഥൃശ്ചികമായി ചെന്നത്തിയ ഒരു സ്ഥലമായിരുന്നു ഒഴുക്കറ , ബന്ധുവീട്ടിൽ വിരുന്നു പോയപ്പോൾ, വീടിനു പുറകിലെ പാടത്തേക്ക് കുറച്ച് നടന്നപ്പോഴാണ് വെള്ളം ഒഴുകിപ്പോകുന്ന തോട് കണ്ടത്, നല്ല വൃത്തിയുള്ള വെള്ളം - വെട്ടുകല്ലുകൾക്കിടയിലൂടെയാണ് വെള്ളം ശക്തിയായി ഒഴുകുന്നത് - ചളിയില്ലാത്ത വെള്ളം.തോടിന്റെ ഇരുവശത്തായി നിറയെ തുമ്പപ്പൂക്കളും അതിലെ തേൻകുടിക്കാനായി നിരവധി പൂമ്പാറ്റകളും തേനീച്ചകളും പാറി നടക്കുന്നു. പാടത്തു നിന്ന് ചില കഴകളിലൂടെ വെള്ളം തോട്ടിലേക്കും ഒഴുകുന്നുണ്ട് .കുറച്ച് ആളുകൾ തോട്ടിലെ വെള്ളത്തിൽ ബൈക്കുകളും കാറുകളും ഇറക്കി കഴുകുന്നുണ്ടായിരുന്നു അവരുടെ കൂടെ വന്ന കൊച്ചു കുട്ടികൾ വെള്ളത്തിൽ കളിക്കുന്നു .അതിരപ്പിള്ളിയിലൊക്കെ പോയാൽ വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ നമ്മൾ കളിക്കാറില്ലേ അതുപോലെ ഒരു ഫീൽ തോന്നും. മക്കൾ രണ്ടു പേരും വെള്ളത്തിലെ കളി ശരിക്കും ആസ്വദിച്ചു. 
മഴക്കാലമായതിനാൽ വെള്ളത്തിന് നല്ല ഒഴുക്ക് ഉണ്ട് , ഇടക്ക് നമ്മൾ അറിയാതെ തന്നെ ഒഴുക്കിന്റ ശക്തി കൂടുന്നുണ്ട്, മഴശക്തി പ്രാപിച്ചാൽ ഒഴുക്കും കൂടും.പാടത്ത് നിന്ന് നോക്കിയാൽ അങ്ങ് ദൂരെ കല്ലഴിക്കുന്നും ഗുഹയും (നരിമട )വ്യക്തമായി കാണാം.
രാവിലെയും വൈകുന്നേരങ്ങളിലും പച്ചപ്പു വിരിച്ച പാടത്ത്  പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വരാവുന്ന ഒരു ചെറിയ സ്ഥലം തന്നെയാണിത്.

 

No comments:

Post a Comment